ഒറ്റ നോട്ടത്തില്‍
പൊതു വിവരങ്ങൾ
ജില്ലാ: തിരുവനന്തപുരം
താലൂക്ക്: വർക്കല
വില്ലജ്: ഇടവ
പഞ്ചായത്തിലൂടെ
ഭൂപ്രകൃതി-കൃഷി
തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ഇടവാ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് അറബിക്കടലും, കിഴക്കും തെക്കും വശങ്ങളിലായി വര്‍ക്കല നഗരസഭയും, വടക്കുഭാഗത്ത് ഇടവ-നടയറ കായലുമാണ് അതിര്‍ത്തികള്‍. പഞ്ചായത്തിന്റെ മധ്യഭാഗത്തു നിന്ന് ഇരുവശങ്ങളിലേക്കും ചരിഞ്ഞാണ് പഞ്ചായത്തിന്റെ കിടപ്പ്. ഭൂപ്രകൃതിയനുസരിച്ച് ഇടവാ പഞ്ചായത്തുപ്രദേശത്തെ ഉയര്‍ന്ന സമതലം, ചെരിവുപ്രദേശങ്ങളും താഴ്വരകളും, സമതലപ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, തീരപ്രദേശം എന്നിങ്ങനെ അഞ്ച് മേഖലകളായി തിരിക്കാം. പഞ്ചായത്തിന്റെ വിസ്തൃതിയുടെ 80% സമതല പ്രദേശങ്ങളാണ്. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളാണിത്. മിക്കവാറും എല്ലാ വീടുകളിലും അടിസ്ഥാന സൌകര്യങ്ങളായ കിണര്‍, കക്കൂസ് എന്നിവ ഉണ്ട്. പ്രധാനകൃഷി തെങ്ങ്, വാഴ, പച്ചക്കറി തുടങ്ങിയവയാണ്. ശരാശരി മഴ ലഭിക്കുന്ന പഞ്ചായത്താണ് ഇടവാ ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്തില്‍ 12 കുളങ്ങളും 20 പൊതുകിണറുകളും ഇടവാ നടയറ കായലുമാണ് പ്രധാന ജലസ്രോതസ്സുകള്‍. ഇടവാ ദേശം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒരു കൃഷിമേഖലയായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ കാര്‍ഷിക രംഗത്ത് ഇടവാ പഞ്ചായത്ത് ഇന്ന് വളരെ പിന്നോക്കമാണ്. കൃഷിഭൂമി പാര്‍പ്പിടാവശ്യത്തിനായി അനിയന്ത്രിതമായി ഉപയോഗിച്ചതും കൃഷിഭൂമിയുടെ വിസ്തൃതി കുറയുന്നതിന് കാരണമായിട്ടുണ്ട്. കൃഷിഭവന്‍രേഖകളനുസരിച്ച് 650 ഹെക്ടര്‍ സ്ഥലം കൃഷി മേഖലയില്‍ പെട്ടതാണ്. ഇതില്‍ 115 ഹെക്ടറോളം ഉണ്ടായിരുന്ന നെല്‍കൃഷി ക്ഷയിച്ച് ഇന്ന് നാമമാത്രമായിപ്പോലും ഇല്ലാതായിരിക്കുന്നു. നെല്‍പ്പാടങ്ങള്‍ തെങ്ങിന്‍തോപ്പുകളാക്കുകയോ കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കുകയോ ചെയ്തിരിക്കുന്നു എന്നതാണ് വാസ്തവം. ഭൂരിഭാഗം സ്ഥലങ്ങളും വാഴത്തോട്ടങ്ങളും തെങ്ങിന്‍തോട്ടങ്ങളുമായി രൂപാന്തരപ്പെട്ടപ്പോള്‍ പരമ്പരാഗത കൃഷികളായിരുന്ന നെല്‍കൃഷിയും മരച്ചീനികൃഷിയും പച്ചക്കറികൃഷിയും പിന്നോക്കം പോയി.
വ്യവസായം
വ്യാവസായികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണ് ഇടവാ ഗ്രാമപ്പഞ്ചായത്ത്. മുന്‍കാലത്ത് വിദേശങ്ങളില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചിരുന്ന ഒരു വന്‍കിട കയര്‍ഫാക്ടറി ഇടവാ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. കാപ്പില്‍, പാറയില്‍ കേന്ദ്രമാക്കി തൊണ്ടുതല്ലും കയര്‍ പിരിക്കലും സജീവമായി നടന്നിരുന്നു. കാപ്പില്‍ കയറിന് ഇന്നും ആലപ്പുഴ കമ്പോളത്തില്‍ പ്രത്യേകം പരിഗണന ലഭിക്കുന്നുണ്ട്. ഇന്ന് ഈ വ്യവസായം നിലച്ച മട്ടിലാണ്. മത്സ്യക്കയറ്റുമതിയില്‍ ഇടവാ വെറ്റക്കടയ്ക്ക് കഴിഞ്ഞ കാലങ്ങളില്‍ പ്രഥമസ്ഥാനം ഉണ്ടായിരുന്നു. 25 ലധികം ചെറുകിട വ്യവസായ യൂണിറ്റുകള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്കവയും പ്രാഥമികാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് മാത്രമല്ല, പലതും പ്രവര്‍ത്തനക്ഷമവുമല്ല. ഈര്‍ച്ചമില്ലുകള്‍, ഫര്‍ണ്ണീച്ചര്‍മാര്‍ട്ടുകള്‍, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം, ഇഷ്ടിക നിര്‍മ്മാണം, സോപ്പു നിര്‍മ്മാണം, റൈസ് മില്ലുകള്‍, ചകിരി-കയര്‍ സംസ്കരണം, ഓയില്‍മില്ലുകള്‍ മുതലായവയാണ് ഇടവാ പഞ്ചായത്തുപ്രദേശത്ത് നിലവിലുള്ള വ്യവസായസംരംഭങ്ങള്‍. ഒരുകാലത്ത് സംഘടിതരായ കയര്‍ത്തൊഴിലാളികളും നാവികത്തൊഴിലാളികളും ജോലി സ്ഥിരതയ്ക്കും, കൂലി വര്‍ദ്ധനവിനും വേണ്ടി നടത്തിയിട്ടുള്ള ഐതിഹാസിക സമരങ്ങള്‍ പ്രദേശത്തിന്റെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഏടുകളില്‍പ്പെടുന്നു. മറ്റു പ്രദേശങ്ങള്‍ വ്യാവസായിക-വാണിജ്യപുരോഗതിക്കു വേണ്ടി ശ്രമമാരംഭിച്ചപ്പോള്‍ ഇടവാ പഞ്ചായത്ത് കൂടുതല്‍ കൂടുതലായി വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനായിരുന്നു ശ്രദ്ധയര്‍പ്പിച്ചിരുന്നത്.
അടിസ്ഥാന മേഖലകള്‍
പഞ്ചായത്തില്‍ സര്‍ക്കാര്‍ സ്ഥാപിച്ച ആദ്യത്തെ പൊതുജനാരോഗ്യ സ്ഥാപനം ഫിഷറീസ് ഡിസ്പെന്‍സറിയായിരുന്നു. 1972-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം 1988-ല്‍ പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെട്ടു. പുതിയവടക്കേവീട്ടില്‍ ജനാബ് മുഹമ്മദ് അബ്ദുല്ല സ്രാങ്ക് സംഭാവനയായി നല്‍കിയ ഒരു ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ചുനല്‍കിയ ആധുനിക സൌകര്യങ്ങളോടുകൂടിയ കെട്ടിടങ്ങള്‍ ഉണ്ട്. 1975-ല്‍ ആണ് പഞ്ചായത്തില്‍ ഗവ.ആയൂര്‍വ്വേദ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ കാപ്പില്‍ ഭാഗത്ത് ഗവണ്‍മെന്റുടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന പതിനഞ്ചോളം ചികില്‍സാ കേന്ദ്രങ്ങളും ഉണ്ട്. ഈ ഗ്രാമപഞ്ചായത്തില്‍ സാമാന്യം നല്ല രീതിയില്‍ ഗതാഗത സൌകര്യം നിലവിലുണ്ട്. പഞ്ചായത്തിന്റെ തെക്കുവടക്കായി 5 കി.മീ.നീളത്തില്‍ റെയില്‍പാതയുണ്ട്. ഇടവ, കാപ്പില്‍ എന്നീ സ്ഥലങ്ങളില്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നു. ഇടവാ ഗ്രാമപഞ്ചായത്തില്‍ 1950 കളിലാണ് വൈദ്യൂതി ലഭിച്ചുതുടങ്ങിയത്. പഞ്ചായത്തിലെ പതിനൊന്നു വാര്‍ഡുകളിലും പൊതുവേ വൈദ്യുതി എത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം
ഒരു നൂറ്റാണ്ടിനുമുന്‍പ് വര്‍ക്കല സ്വദേശി നീലകണ്ഠന്‍ ജോത്സ്യന്റെ ചുമതലയില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഈ നാട്ടിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. ക്രമേണ ഇതൊരു സ്വകാര്യസ്കൂളായി മാറി. ഈ സ്കൂള്‍ 1940-ന് ശേഷം ഗവണ്‍മെന്റ് ഏറ്റെടുത്തു. അതാണ് ഇന്നത്തെ വെണ്‍കുളം ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍. ഇക്കാലത്ത് ശ്രീ.പത്മനാഭപിള്ള സാര്‍ വെണ്‍കുളം തുലവിള പുരയിടത്തില്‍ ലക്ഷ്മിവിലാസം ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങി. 1922-ല്‍ ജനാബ് എം.ആര്‍.മുഹമ്മദ് കുഞ്ഞ് സ്രാങ്ക് ഇടവായില്‍ ഒരു മുസ്ലീം പ്രൈമറിസ്ക്കൂള്‍ സ്ഥാപിച്ചു. 1926-ല്‍ ഈ സ്കൂളിനോടു ചേര്‍ന്ന് ഒരു ഇംഗ്ലീഷ് മിഡില്‍സ്കൂളും ആരംഭിച്ചു. 1929-ല്‍ പത്മനാഭപിള്ള സാര്‍ നടത്തി വന്നിരുന്ന സ്കൂള്‍ എം.ആര്‍.മുഹമ്മദ് കുഞ്ഞ് സ്രാങ്ക് വിലയ്ക്കു വാങ്ങി. 1946-ല്‍ ഈ വിദ്യാഭ്യാസ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയര്‍ത്തി. ഈ ഗ്രാമപ്പഞ്ചായത്തില്‍ രണ്ടു ഹൈസ്ക്കൂളുകളും രണ്ടു അപ്പര്‍പ്രൈമറി സ്ക്കൂളുകളും ആറു ലോവര്‍പ്രൈമറി സ്ക്കൂളുകളും ഇന്നു നിലവിലുണ്ട്. ഇതു കൂടാതെ പഞ്ചായത്തില്‍ സ്വകാര്യമേഖലയില്‍ ഹൈസ്ക്കൂളുകളും ഇംഗ്ലീഷ്മീഡിയം പ്രൈമറിസ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ആരാധനാലയങ്ങള്‍
ഇടവാ പഞ്ചായത്തിനെ “ആരാധനാലയങ്ങളുടെ നാട്” എന്നു വിശേഷിപ്പിക്കാവുന്നതാണ്. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലെ കാപ്പില്‍ ശിവക്ഷേത്രം മുകിലന്മാരുടെ ആക്രമണത്തിനു വിധേയമായിട്ടുള്ളതായി ചരിത്രം പറയുന്നു. ക്ഷേത്ര കവാടത്തിന്റെ വലതു വശത്തുള്ള കല്‍പ്രതിമയുടെ ഇടതുകരം ഛേദിക്കപ്പെട്ട നിലയില്‍ കാണാന്‍ കഴിയും. മുപ്പത്തിയാറു ക്ഷേത്രങ്ങള്‍ പഞ്ചായത്തിലുള്ളതില്‍ എല്ലാറ്റിലും ഉത്സവങ്ങള്‍ നടക്കുന്നുണ്ട്. ഇടവായിലെ ആദ്യത്തെ മുസ്ലീംപള്ളി ഇടവാ വലിയ പള്ളിയെന്ന് അറിയപ്പെടുന്ന ആലുമൂട്ടുപള്ളി ആണ്.